കൊച്ചി: ഉത്തരേന്ത്യൻ പ്രേഷിതരംഗത്തെ ഉജ്വലനക്ഷത്രമായിരുന്നു ഗോരഖ്പുർ രൂപതയുടെ പ്രഥമ മെത്രാൻ മാർ ഡോമിനിക് കൊക്കാട്ടെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു. ‘ദൈവം എന്റെ പ്രകാശവും എന്റെ രക്ഷയുമാണ്’എന്ന തന്റെ ആപ്തവാക്യം ജീവിതത്തിലുടനീളം ഉയർത്തിപ്പിടിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
അനേകർ അദ്ദേഹത്തിലൂടെ മിശിഹായുടെ പ്രകാശം കണ്ടു. തെരേസിയൻ ആത്മീയത മിഷൻ പ്രവർത്തനങ്ങളിൽ എങ്ങനെ പ്രായോഗികമാക്കാം എന്ന് സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം കാണിച്ചുതന്നു. മിഷൻ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ തീക്ഷ്ണതയും ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ എന്ന സന്യാസിനീസമൂഹത്തിന്റെ സ്ഥാപനവുമെല്ലാം അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ അടയാളങ്ങളാണ്.
സഭയുടെ സിനഡുകളിൽ അദ്ദേഹം പുലർത്തിയിരുന്ന സാന്നിധ്യം എന്നും സഭയുടെ ഐക്യത്തിനും കൂട്ടായ്മയ്ക്കും വളർച്ചയ്ക്കും വേണ്ടിയുള്ളതായിരുന്നു. ദൈവരാജ്യത്തിന്റെ മഹത്വത്തിനായി സ്വന്തം ജീവിതം മുഴുവൻ സമർപ്പിച്ച വ്യക്തിത്വമായിരുന്നു മാർ കൊക്കാട്ടിന്റേത്.
ഗോരഖ്പുർ രൂപതയ്ക്കും മാർ ഡോമിനിക് കൊക്കാട്ടിന്റെ കുടുംബാംഗങ്ങൾക്കും അനുശോചനവും പ്രാർഥനയും അറിയിക്കുന്നു. രൂപതയുടെ വളർച്ചയ്ക്കായി അദ്ദേഹം പാകിയ വിത്തുകൾ വരും തലമുറകൾക്ക് പ്രചോദനമായിരിക്കുമെന്നും മേജർ ആർച്ച്ബിഷപ് പ്രത്യാശ പ്രകടിപ്പിച്ചു.